കണ്ണൂർ: കണ്ണൂർ സിറ്റി പോലീസിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി നിർമിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കണ്ണൂരിൽ നാലു നിലകളിലായി 12.625 കോടി രൂപ ചെലവിൽ നിർമ്മിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, തളാപ്പിൽ മൂന്ന് നിലകളിലായി 1.89 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറ് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സുകൾ, കൂത്തുപറമ്പിൽ അസി. കമ്മീഷണർ ഓഫ് പോലീസ് ഓഫീസിന് മുകളിലായി 51 ലക്ഷം രൂപ ചെലവിൽ നിർമിച്ച സെൻട്രൽ കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്റർ എന്നിവയും കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിനു മുകളിലായി പുതുതായി നിർമ്മിച്ച ട്രെയിനിംഗ് സെന്ററുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. യതീഷ് ചന്ദ്ര സ്വാഗതവും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് നന്ദിയും പറയും.